Publish Date: Tue, 07 Sep 2021 (17:41 IST)
Updated Date: Tue, 07 Sep 2021 (17:43 IST)
അമേരിക്കൻ നടൻ മൈക്കിൾ കെ വില്യംസിനെ(54)മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില്ല്യംസിനെ കുറിച്ച് വിവരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
1995 ല്‍ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 12 ഇയേഴ്‌സ് എ സ്ലേവ്, ദ ഗാംബ്ലര്‍, ദ പബ്ലിക്,ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാര്‍ടൈം തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. എങ്കിലും 2002 മുതൽ 2008 വരെ സംപ്രേക്ഷണം ചെയ്‌ത ദ വയർ എന്ന സീരീസിലെ ലിറ്റിൽ ഒമർ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ മൈക്കിൾ വില്യംസിനെ ഏറ്റെടുത്തത്. എമ്മി പുരസ്‌കാരത്തിന് അഞ്ച് തവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.