2020 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് ചുവട് വെച്ച അവതാരിക അശ്വതി ശ്രീകാന്തിനാണ് മികച്ച നടിയ്ക്കുളള അവാര്‍ഡ്.മികച്ച നടനായി ശിവജി ഗുരുവായൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫ്‌ലവേഴ്‌സ് ചാനലിലെ കഥയറിയാതെ എന്ന സീരിയലിലെ അഭിനയത്തിനാണ് നടന് അവാര്‍ഡ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടി ശാലു കുര്യന്‍.മഴവില്‍ മനോരമയിലെ അക്ഷരത്തെറ്റ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ചക്കപ്പഴം എന്ന സീരിയലിലെ നടനായ റാഫി നേടി.
'കള്ളന്‍ മറുത' മികച്ച ടെലിഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു.റജിന്‍ കെ സി ആണ് സംവിധാനം ചെയ്തത്. മറിമായത്തിലെ സലിം ഹസ്സന്‍ മികച്ച ഹാസ്യാഭിനേതാവ് ആയും ദൂരദര്‍ശനിലെ 'ഒരിതള്‍'ലെ ഗൗരി മീനാക്ഷി മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. കള്ളന്‍ മറുതയിലെ ശരണ്‍ ശശിധരന്‍ മികച്ച ഛായാഗ്രാഹകന്‍,ആന്റി ഹീറോയിലെ വിഷ്ണു വിശ്വനാഥന്‍ മികച്ച ചിത്രസംയോജകന്‍,അച്ഛനിലെ വിനീഷ് മണി മികച്ച സംഗീത സംവിധായകനുളള അവാര്‍ഡ് നേടി.
കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ടെലി സീരിയല്‍ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചു. അതേപോലെ തന്നെ മികച്ച സംവിധായകനും ഇത്തവണ കണ്ടെത്തിയില്ല.മികച്ച കലാസംവിധായകനും ഇപ്രാവശ്യം അവാര്‍ഡ് ഇല്ല.