നടിമാരുടെ കൂട്ടരാജി; രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല: വിധു വിന്‍സെന്റ്
രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല: വിധു വിന്‍സെന്റ്
Publish Date: Thu, 28 Jun 2018 (09:02 IST)
Updated Date: Thu, 28 Jun 2018 (09:07 IST)
ഡബ്ല്യൂസിസിയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതിനെത്തുടർന്ന് വിശദീകരണവുമായി സംവിധായക വിധു വിൻസെന്റ്. നാല് അംഗങ്ങള്‍ മാത്രം രാജിവെച്ചതില്‍ ഡബ്യൂസിസിയില്‍ ഭിന്നതയില്ലെന്നാണ് ഭാരവാഹി കൂടിയായ വിധു വിന്‍സെന്റ് അറിയിച്ചിരിക്കുന്നത്.
'അമ്മയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും, രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപരമായ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഡബ്യൂസിസിയിലെ ഭിന്നത കാരണമാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ 'അമ്മ'യിൽ നിന്ന് രാജിവെയ്ക്കാത്തത് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംവിധായകയായ വിധു വിന്‍സെന്റ് തന്റെ പ്രതികരണവുമായി മുന്നോട്ടുവന്നത്.
നേരത്തെ റിമ കല്ലിങ്കൽ, ഭാവന, രമ്യാ നമ്പീശൻ, ഗീതു മോഹന്‍ദാസ് എന്നിവർ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം നടത്തിയിരുന്നത്. അമ്മയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി തീരുമാനത്തെതുടർന്ന് ഇതിനകം തന്നെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.