കാലിൽ ഐസ് വെച്ച് വേദന കടിച്ചമർത്തി, വേഷം മാറി ഡാൻസ് കളിക്കാൻ സ്റ്റേജിലേക്ക്! - ദുൽഖർ സൽമാന്റെ ഡെഡിക്കേഷനെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ഡെഡിക്കേഷൻ എന്ന് പറഞ്ഞാൽ ഇതാണ്...
Publish Date: Wed, 23 May 2018 (15:14 IST)
Updated Date: Wed, 23 May 2018 (15:30 IST)
സിനിമയിൽ എത്തിയ താരങ്ങൾ പലരും പല കഷ്ടപ്പാടുകളും അനുഭവിച്ചവരാണ്. ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മെഗാസ്റ്റാർ മമ്മൂട്ടി ഇന്നത്തെ നിലയിലെത്തിയത്. താരത്തിന്റെ നിഴലിൽ നിന്നല്ലാതെ വേറിട്ട വഴിയിലൂടെയായിരുന്നു ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അഭിനയത്തിനും ഡാൻസിനും വേണ്ടി ദുൽഖർ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഡാൻസ് ദുൽഖറിനൊരു പാഷനാണ്. മലയാള സിനിമ താരസംഘടനയായ അമ്മയും മഴവിൽ മനോരമയും നടത്തിയ മെഗാഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിൽ ദുൽഖറിന്റെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെയാണ്.
അമ്മ മഴവില്ല് സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച നൃത്തങ്ങൾക്കും സ്കിറ്റിനും പ്രശംസകൾ വാനോളമാണ് ലഭിക്കുന്നത്. കാരണം വേറോന്നുമല്ല, പരുക്ക് പറ്റിയ കാലുമായിട്ടായിരുന്നു ദുൽഖറിന്റെ പരിപാടി. അമ്മ മഴവില്ലിനിടെയാണ് ദുൽഖർ സൽമാന് പരിക്ക് പറ്റിയത്.
പരിപാടിയിൽ മുഖ്യ ആകർഷണമായ ജീനി എന്നൊരു കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. കൂടാതെ നൃത്ത രംഗങ്ങളിലും ദുൽഖർ എത്തിയിരുന്നു. ഇതിന്റെ പ്രാക്ടീസിനിടെയാണ് ദുൽഖർ സൽമാന് പരിക്ക് പറ്റുന്നത്. കാലുകൾക്ക് പരിക്കുപറ്റിയ ദുൽഖറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ പരിപാടിയുടെ വിജയത്തിനായി ദുൽഖർ സൽമാൻ അതൊന്നും ചെവികൊള്ളാതെ തന്നെ പരിപാടിയുടെ വിജയത്തിനായി എത്തിച്ചേർന്നു.
പരിപാടിയിൽ മോഹൻലാലിനൊപ്പം ഭൂതമായും ഒരേസമയം നൃത്തം ചെയ്തും സ്കിറ്റുകൾ അവതരിപ്പിച്ചു ദുൽക്കർ സൽമാൻ കയ്യടി നേടി. എന്നാൽ ഏറെ കഷ്ടപ്പാടുകൾ ഇതിനു പുറകിൽ ഉണ്ടായിരുന്നു. കാലുകൾക്ക് വേദനയുണ്ടായിരുന്ന ദുൽഖർ സൽമാൻ ഐസ് കെട്ടിവച്ചാണ് ജീനിയായി എത്തിയത്. പിന്നീട് ഗ്രീൻ റൂമിൽ തിരിച്ചെത്തി ഉടൻതന്നെ വേഷം മാറി മറ്റ് കഥാപാത്രമായും അദ്ദേഹം സ്റ്റേജിൽ അവതരിച്ചു. വേദന വളരെയധികം സഹിച്ചു പരിപാടിയുടെ വിജയത്തിനായി കഷ്ടപ്പാടുകൾ സഹിച്ച ദുൽഖർ സൽമാന്റെ കഥ മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്ത് നായരാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോ കടപ്പാട് : വൈശാഖ് ഇടപ്പാൾ