Publish Date: Fri, 22 Mar 2019 (10:05 IST)
Updated Date: Fri, 22 Mar 2019 (10:07 IST)
എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച രണ്ടാമൂഴം എന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കുമെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് നടൻ മോഹൻലാൽ. ഒരു സ്ഥലത്ത് പോലും ഭീമനായി താനെത്തുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ചിത്രം യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും അദ്ദേഹം ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ഗ്ലോബൽ ലോഞ്ചിങിനിടെ പറഞ്ഞു.
സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. അഭിനയിച്ചു കഴിഞ്ഞുമാത്രമേ അക്കാര്യം പറയാനാകൂ. നടനെന്ന നിലയിൽ അത് യാഥാർത്ഥ്യമാകട്ടെ എന്ന് മാത്രമേ ആഗ്രഹിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു. പലപ്പോഴും സംവിധായകരിലുള്ള വിശ്വാസം മൂലം, അഭിനേതാവിന്റെ കുഴപ്പമല്ലെങ്കിലും ചിത്രങ്ങൾ പരാജയപ്പെടാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞിട്ടും സിനിമ തുടങ്ങാത്തതിനെ തുടർന്ന് എം ടി തന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എം ടിക്കെതിരെയായിരുന്നു വിഷയത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ നിലയുറപ്പിച്ചത്. എന്നാൽ, തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നും കോടതി ശ്രീകുമാർ മേനോനെ തടയുകയായിരുന്നു. പക്ഷേ, സിനിമ സംഭവിക്കുമെന്നും മോഹൻലാൽ ഭീമനാകുമെന്നുമെല്ലാം മേനോൻ ഇടയ്ക്കിടെ മാധ്യമങ്ങളിൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.