ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര നാളെയിറങ്ങും. രാവിലെ അഞ്ചരയ്ക്കാണ് ജാവലിൻ ത്രോ യോഗ്യതാ മത്സരം തുടങ്ങുക. ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച നീരജ് ലോക അത്ലറ്റിക്സ് വേദിയിലും രാജ്യത്തിൻ്റെ അഭിമാനമുയർത്തുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
87.58 മീറ്റർ ദൂരത്തോടെയാണ് ഒളിമ്പിക്സ് അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് ശേഷം പാവോ നൂർമി ഗെയിംസിൽ ഇത് 89.30 മീറ്ററായും ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ കുറിച്ച് ദേശീയ റെക്കോർഡും കുറിച്ചിരുന്നു. 90 മീറ്റർ പ്രകടനം നടത്താനായാൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജിന് മെഡൽ ഉറപ്പിക്കാനാകും. 93.07 മീറ്റർ കണ്ടെത്തിയ ഗ്രാനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സണും 90.88 മീറ്റർ കുറിച്ച ചെക്ക് റിപ്പബ്ലിക്കിൻ്റെ യാക്കൂബ് വാഡ്ലേയുമാണ് നീരജിന് പ്രധാനമായും വെല്ലുവിളിയാവുക.
സ്ഥിരമായി 90 മീറ്റർ പിന്നിടുന്ന ജർമ്മൻ താരം യൊഹാനസ് വെറ്റർ പിന്മാറിയതും നീരജിൻ്റെ മെഡൽ സാധ്യത ഉയർത്തുന്നു.