ജാവലിൻ ത്രോയിൽ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്രയുടെ ജാവലിൻ താണ്ടുമ്പോൾ ആ നീളം കൂടിയ ജാവലിന് 130 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ കൂടി ഭാരം ആ ജാവലിന് മേൽ ഉണ്ടായിരുന്നിരിക്കണം എന്ന് പറയുകയാണെങ്കിൽ അതൊരിക്കലും ഒരു അതിശയോക്തി ആയിരിക്കില്ല.
ഒളിമ്പിക്‌സിന്റെ 100 വർഷം മുകളിലുള്ള ചരിത്രത്തിൽ ആദ്യമായി ഇന്ത്യ അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുമ്പോൾ അത് സ്വർണത്തിൽ തന്നെയായിരിക്കണം എന്ന് ഒരു പക്ഷേ ദൈവം കുറിച്ചിരിക്കാം. ആ സ്വപ്‌ന സാക്ഷാത്കാരത്തിനായിരുന്നു 2021 സാക്ഷ്യം വഹിച്ചത്.മിൽഖാ സിങ്ങിലൂടെയും പിടി ഉഷയിലൂടെയും അഞ്ജു ബോബി ജോർജിലൂടെയും സ്വപ്‌നം കണ്ട അത്‌ലറ്റിക്‌സിലെ മെഡൽ നേട്ടം ഒടുവിൽ സാധ്യമായത് നീരജ് ചോപ്രയിലൂടെ.
അതേസമയം ഒളിമ്പിക്‌സിൽ ഏഴ് മെഡലുകളെന്ന എക്കാലത്തെയും മികച്ച പ്രകടനവും ഇക്കുറി ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ കാഴ്‌ചവെച്ചു. നീരജ് ചോപ്ര ജാവലിനിലൂടെ ഇന്ത്യയ്ക്ക് അത്ലറ്റിക്‌സിലെ ആദ്യ സ്വർണനേട്ടം സമ്മാനിച്ചപ്പോൾ ഇന്ത്യൻ ഹോക്കി അതിന്റെ പ്രതാപകാലത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകൾ ഒളിമ്പിക്‌സിൽ ദൃശ്യമായി.
ഭാരദ്വഹനത്തിൽ സൈകോം മിരബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെയായിരുന്നു ഇന്ത്യ ഒളിമ്പിക്‌സ് മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. ഗുസ്‌തിയിൽ രവി കുമാർ ദഹിയയിലൂടെ മറ്റൊരു വെള്ളി മെഡലും ഇന്ത്യ കരസ്ഥമാക്കി.ലവ്‌ലിന ബോർഗോഹെയ്‌ൻ ബോക്‌സിങിലും ബജ്‌റങ് പുനിയ ഗുസ്‌തിയിലും പിവി സിന്ധു ബാഡ്‌മിന്റണിലും വെങ്കല മെഡൽ സമ്മാനിച്ചു.
ടീം ഇനത്തിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ഹോക്കി ആവേശകരമായ പ്രകടനമായിരുന്നു ഒളിമ്പിക്‌സിൽ കാഴ്‌ച്ചവെച്ചത്. മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും സെമി ഫൈനൽ വരെയുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പ്രകടനം ആവേശമുയർത്തുന്നതായിരുന്നു. ടീം സ്പോൺസർമാരെ കിട്ടാതെ അലഞ്ഞപ്പോൾ ഒഡീഷ ഗവണ്മെന്റാണ് ഇക്കുറി ഹോക്കി ടീമുകളുടെ ചിലവുകളും പരിശീലന സൗകര്യവും ഒരുക്കിയത്.
പുരുഷവിഭാഗത്തിൽ 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സിൽ മെഡൽ നേടിയത്. സെമി പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു ഇന്ത്യൻ വിജയം. വിജയത്തിൽ മലയാളി താരം പിവി ശ്രീജേഷിന്റെ പ്രകടനം നിർണായകമായി.