Publish Date: Tue, 01 Sep 2026 (11:41 IST)
Updated Date: Tue, 01 Sep 2026 (11:01 IST)
ഇന്ത്യയിലെ ജയിലുകളില്‍ തടവുകാര്‍ തമ്മിലുള്ള അക്രമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ ആശങ്കാജനകമായ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ജയിലുകളിലെ അമിത തിരക്കാണെന്ന് പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. 2024-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ 1,333 ജയിലുകളാണുള്ളത്. നിലവില്‍ 5.11 ലക്ഷം തടവുകാര്‍ അവിടെ കഴിയുന്നുണ്ട്. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ വിചാരണ നേരിടുന്ന തടവുകാരാണ് (under-trial prisoners) ഇവയിലുള്ളത്. ഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുടെ നിരക്ക് 2016-ലെ 32 ശതമാനത്തില്‍ നിന്ന് 2024-ല്‍ 26.6 ശതമാനമായി കുറഞ്ഞു. എന്നാല്‍ വിചാരണ നേരിടുന്ന തടവുകാരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനവാണുണ്ടായത്. കേസുകളിലുണ്ടാകുന്ന അമിതമായ കാലതാമസമാണ് ഇതിന് കാരണം. കൂടാതെ ഇന്ത്യയിലെ മിക്ക ജയിലുകളും ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. അനുബന്ധ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പുതിയ ജയിലുകള്‍ അനിവാര്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിലും സ്ഥിതി സമാനമാണ്. സമീപകാലത്തൊന്നും പുതിയ ജയിലുകളൊന്നും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പാശ്ചാത്യ മാതൃകയിലുള്ള പുതിയ ജയിലുകള്‍ ഇവിടെയും നിര്‍മ്മിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ പുതിയ ജയില്‍ സ്ഥാപിക്കുന്നതിനായി തോട്ടം ഭൂമി ഏറ്റെടുക്കണമെന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രസക്തമാണ്. പൂജപ്പുര, കണ്ണൂര്‍ ജയിലുകള്‍ നഗരപ്രദേശങ്ങളില്‍ നിന്ന് മാറ്റണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലാഭകരമല്ലാത്തതോ പാട്ടക്കാലാവധി അവസാനിച്ചതോ ആയ തോട്ടങ്ങള്‍ ഇതിനായി ഏറ്റെടുക്കാമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. തോട്ടം ഭൂമി കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിയമം വളരെക്കാലം മുമ്പ് നിലവില്‍ വന്നതാണ്. തോട്ടം തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് കൃഷിക്ക് സാധ്യതയില്ലാത്ത പല തോട്ടങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്.