Publish Date: Wed, 20 May 2026 (08:26 IST)
Updated Date: Wed, 20 May 2026 (08:28 IST)
മെയ് 6 ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2024 ല്‍ ഇന്ത്യയില്‍ 5,737 സ്ത്രീധന മരണങ്ങള്‍ രേഖപ്പെടുത്തി. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ വിവാഹാനന്തരമുള്ള സംശയാസ്പദമായ മരണങ്ങള്‍ എന്നിവയാണവ. ശരാശരി പ്രതിദിനം 16 സ്ത്രീകളാണ് മരണപ്പെട്ടത്.
രാജ്യത്തുടനീളം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന മരണ കേസുകള്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തി. 2024-ല്‍ ദേശീയ തലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ 114 കേസുകളും 2021-ല്‍ കോവിഡ് കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 136 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മെട്രോ നഗരങ്ങളില്‍ സ്ത്രീധന മരണങ്ങളുടെ കാര്യത്തില്‍ കാണ്‍പൂരില്‍ രണ്ടാം സ്ഥാനത്താണ്. 54 കേസുകളാണിവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബെംഗളൂരുവില്‍ 25 എണ്ണം. സ്ത്രീധന മരണ കേസുകളില്‍ 2023-ല്‍ 6,156 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഉത്തര്‍പ്രദേശും ബീഹാറുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.