ജയലളിത അതിന് സമ്മതിച്ചില്ല, ഒരുപാട് പറഞ്ഞ് നോക്കി: ശശികല
ജയലളിതയുടെ മരണം; വെളിപ്പെടുത്തലുമായി വീണ്ടും ശശികല
Publish Date: Wed, 21 Mar 2018 (11:40 IST)
Updated Date: Wed, 21 Mar 2018 (11:43 IST)
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തില്‍ വെളിപ്പെടുത്തലുമായി തോഴി ശശികല. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെയാണ് ശശികല വെളിപ്പെടുത്തല്‍ നടത്തിയത്. കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആദ്യം ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചുവെന്നാണ് അണ്ണാ ഡിഎംകെ വിമത നേതാവ് കൂടിയായ വികെ ശശികല മൊഴി നല്‍കിയിരിക്കുന്നത്.
2016 സെപ്റ്റംബര്‍ 22നാണ് ജയലളിത കുളിമുറിയില്‍ വീണത്. എന്നാല്‍ താന്‍ ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ലെന്നും താന്‍ നേരിട്ടാണ് ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതെന്നും ശശികല കമ്മിഷന് മുന്‍പാകെ പറഞ്ഞു.
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുമ്പോള്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം പുറം ലോകം അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല തടവുശിക്ഷ അനുഭവിക്കുകയാണ്.