Publish Date: Wed, 10 Jun 2026 (10:25 IST)
Updated Date: Wed, 10 Jun 2026 (10:30 IST)
എന്‍ഡിഎ സര്‍ക്കാരിന് 12 വയസ്സ് തികയുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാലം പദവിയിലിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി മറികടന്നു. ഇരട്ട നേട്ടങ്ങള്‍ ആഘോഷിക്കാന്‍ സഖ്യത്തിലെ പ്രമുഖര്‍ ഇന്ന് ഒത്തുകൂടും. 35 ഓളം പാര്‍ട്ടികളില്‍ നിന്നുള്ള 75 ഓളം പ്രതിനിധികള്‍ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെയും മോദിയുടെയും നേട്ടങ്ങള്‍ എടുത്തുകാട്ടും. എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും. കഴിഞ്ഞദിവസം നിരവധി രാഷ്ട്ര തലവന്മാര്‍ മോദിയെ അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആവര്‍ത്തിച്ച് അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് ഈ നാഴികക്കല്ല് എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സര്‍ എന്നിവര്‍ മോദിയെ 'ഒരു മാതൃകയും നേതൃത്വത്തിന്റെ ഉദാഹരണവും' എന്ന് പ്രശംസിച്ചു.
ആഗോള തലത്തില്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ ഏറ്റവും വലിയ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു എന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ നബിന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.7% വളര്‍ച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു.