Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കളികൾ നടക്കില്ല, വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

Mobile
ഇന്ത്യയില്‍ വിപിഎന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് മുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകള്‍ വന്‍തോതില്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനായാണ് പുതിയ നീക്കം.
 
പുതിയ നിയമപ്രകാരം ഇനി വിപിഎന്‍ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കുകയും അന്വേഷണ ഏജന്‍സികളുമായും സര്‍ക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയന്‍സ് ഓഫീസര്‍മാരെ നിയമിക്കുകയും വേണം. നിയമം പാലിക്കാന്‍ തയ്യാറാകാത്ത പക്ഷം പ്രാദേശിക ജീവനക്കാര്‍ക്ക് ജയില്‍ശിക്ഷ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടതായി വരും.
 
നേരത്തെ 2022ല്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിപിഎന്‍ കമ്പനികളോട് ഉപയോക്താക്കളുടെ വിവരങ്ങള്‍(പേര്, ഇമെയില്‍,ഫോണ്‍ നമ്പര്‍,ഐപിഅഡ്രസ്) എന്നിവ കുറഞ്ഞത് 5 വര്‍ഷത്തെക്കെങ്കിലും സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ സ്വകാര്യതാ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച കമ്പനികള്‍ ഇന്ത്യയിലെ തങ്ങളുടെ ഫിസിക്കല്‍ സെര്‍വറുകള്‍ പിന്‍വലിച്ചിരുന്നു. ഈ കമ്പനികള്‍ ഇപ്പോള്‍ സിംഗപൂരിലെ സര്‍വറുകള്‍ വഴിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്.
 
നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലഗ്രാം നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ വിപിഎന്‍ രജിസ്‌ട്രേഷനുകളില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായിരുന്നു. ഉപയോക്താക്കളെ നിരീക്ഷിക്കാനല്ല മറിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍,റാന്‍സംവെയര്‍ ആക്രമണങ്ങള്‍,സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവ അന്വേഷിക്കാനും ഐഡന്റിറ്റി മറച്ചുവെയ്ക്കുന്ന കുറ്റവാളികളെ കണ്ടെത്താനുമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യങ്ങൾക്ക് നിലവാരമില്ല, മിക്ക ഉത്തരങ്ങളും ഓപ്ഷൻ ബി: മറ്റൊരു പിഎസ്സി പരീക്ഷയിലും അട്ടിമറി സംശയം!