ബ്രഹ്‌മപുത്രയിൽ ബോട്ടുമുങ്ങി രണ്ട് മരണം, 26 പേരെ കാണാനില്ല
ബ്രഹ്‌മപുത്രയിൽ ബോട്ടുമുങ്ങി രണ്ട് മരണം, 26 പേരെ കാണാനില്ല
Publish Date: Wed, 05 Sep 2018 (16:44 IST)
Updated Date: Wed, 05 Sep 2018 (16:52 IST)
ഗുവാഹത്തിക്ക് സമീപം ബ്രഹ്‌മപുത്രയിൽ നാൽപ്പതിലധികം പേരുമായി പോയ ബോട്ടുമുങ്ങി രണ്ടുപേർ മരിച്ചു, 26 പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്നതിൽ ഏറെപ്പേരും വിദ്യാർത്ഥികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
തീരത്തിന് 200 മീറ്റർ അകലെവച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണു വിവരം. നദിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപകടമുണ്ടായത്. ബോട്ട് രണ്ടായി പിളരുകയായിരുന്നു. യാത്രക്കാരിൽ ചിലർ നീന്തി രക്ഷപ്പെട്ടു.
ബോട്ടിൽ യാത്രചെയ്യാൻ ആകെ 22 പേർക്കാണ് ടിക്കറ്റ് നൽകിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അതിൽ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ആളുകൾ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ 25 പേരുൾപ്പെടുന്ന സംഘം അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.