ഇനി ചോദ്യം ചെയ്യൽ, അഭിനന്ദനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റും
പാക് അധികൃതരോട് എന്തൊക്കെ പറഞ്ഞു? - അഭിനന്ദൻ നേരിടാൻ പോകുന്ന പ്രധാന ചോദ്യം
പാകിസ്ഥാൻ വിട്ടയച്ച വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിച്ച് ഇന്ത്യൻ ജനത. വൈകിട്ട് 5 മണിക്ക് ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഏറെ വൈകി 9 മണിയോടെയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. അവസാന നിമിഷം പാകിസ്ഥാന്റെ പക്കൽ നിന്നും വിലപേശൽ ഉണ്ടാകുമോയെന്നും ഇന്ത്യ ആശങ്കപ്പെട്ടിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.
അതേസമയം, ഇന്ത്യയിൽ തിരിച്ചെത്തിയ അഭിനന്ദനെ കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യൽ. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.
പാക്ക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും. ഇതിൽ പാകിസ്ഥാനോട് എന്തെല്ലാം വെളിപ്പെടുത്തി എന്നതാണ് അഭിനന്ദൻ നേരിടാൻ പോകുന്ന പ്രധാന ചോദ്യം.