V.S.Achuthanandan Health Condition: വി.എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ
V.S.Achuthanandan: തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്
Publish Date: Fri, 27 Jun 2025 (08:17 IST)
Updated Date: Fri, 27 Jun 2025 (14:55 IST)
V.S.Achuthanandan Health Condition: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തുടരുകയാണെന്ന് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ പറഞ്ഞു. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച (ജൂണ്‍ 23) ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്