സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; വിപണിയിൽ ഇടപെടാതെ സർക്കാർ
അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്
Publish Date: Wed, 29 Jul 2026 (07:22 IST)
Updated Date: Wed, 29 Jul 2026 (07:25 IST)
ഓണം അടുത്തെത്തിയിട്ടും വിലക്കയറ്റം പ്രതിരോധിക്കാൻ വിപണിയിൽ ഇടപെടാതെ സംസ്ഥാന സർക്കാർ. മുൻ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ വിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇത്തവണ സപ്ലൈകോയിൽ അടക്കം അവശ്യസാധനങ്ങളുടെ കുറവുണ്ട്.
അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. ഓണനാളുകൾ എത്തുമ്പോഴേക്കും അവശ്യ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരും. അരിവില എട്ട് രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
ചമ്പ അരിക്ക് കഴിഞ്ഞ വർഷത്തെ വില 49.33 രൂപയായിരുന്നു. ഇന്നത്തെ വില അത് 57.25 ആണ്. പശ്ചിമേഷ്യൻ യുദ്ധവും പൊതുവിപണിയെ പ്രതികൂലമായി ബാധിച്ചു.
കാലാവസ്ഥ വ്യതിയാനം വിളവിനെ ബാധിച്ചതിനാലാണ് പച്ചക്കറി വില വർധനവിന് കാരണം. 28 രൂപയായിരുന്ന ഉള്ളിക്ക് ഇന്നത്തെ വില 38 രൂപയാണ്. വഴുതനങ്ങ 40 രൂപയിൽ നിന്ന് 50 രൂപയിലേക്ക് എത്തി. പച്ചമുളകിനും വില വർധിച്ചിട്ടുണ്ട്.