പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍
രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ്
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഇല്ലെന്ന് സതീശന്‍ തുറന്നടിച്ചു.
രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ്. നിലവില്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും രാഹുല്‍ അംഗമല്ലെന്നും സതീശന്‍ പറഞ്ഞു. സ്വന്തം ഗ്രൂപ്പിലെ അംഗമായിരുന്ന രാഹുലിനെ ഗത്യന്തരമില്ലാതെയാണ് സതീശന്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. തുടക്കത്തില്‍ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്ന് സതീശനു രാഹുലിനെ പൂര്‍ണമായി തള്ളിപ്പറയേണ്ടി വന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് സതീശന്‍ ഒഴിഞ്ഞുമാറി. നിയമസഭയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം കെപിസിസി പ്രസിഡന്റ് പറയുമെന്ന് സതീശന്‍ പറഞ്ഞു. എന്നാല്‍ എപ്പോള്‍ പറയും എന്ന ചോദ്യത്തിന് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം വരും എന്നായിരുന്നു പ്രതികരണം. സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തില്‍ നിന്നും സതീശന്‍ ഒഴിഞ്ഞുമാറി.