Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മേളം കൊട്ടിക്കയറുന്നതിനിടെ 'ദുരന്ത ശബ്ദം', പലരും കേട്ടില്ല; കണ്ണീരോര്‍മയായി തൃശൂര്‍ പൂരം

മേളം കൊട്ടിക്കയറുന്നതിനിടെ 'ദുരന്ത ശബ്ദം', പലരും കേട്ടില്ല; കണ്ണീരോര്‍മയായി തൃശൂര്‍ പൂരം
, ശനി, 24 ഏപ്രില്‍ 2021 (08:06 IST)
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയും അച്ചടക്കത്തോടെയും ആയിരുന്നു പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം പുരോഗമിച്ചിരുന്നത്. അതിനിടയിലാണ് പൂരനഗരിയെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത അപകടം സംഭവിക്കുന്നത്. ബ്രഹ്മസ്വം മഠത്തില്‍ നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് പൂരപ്പറമ്പിലെ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീഴുന്നത്. തിരുവമ്പാടി പൂരം ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. 25 ലേറെ പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. 
 
മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. എഴുന്നള്ളിപ്പിനു എത്തിയ നൂറോളം പൂരം കമ്മിറ്റിക്കാര്‍ അവിടെ ഉണ്ടായിരുന്നു. ആല്‍മരക്കൊമ്പ് പൊട്ടിവീണതിനൊപ്പം വൈദ്യുതി കമ്പികളും പൊട്ടിവീണു. എന്നാല്‍, വൈദ്യുതി കമ്പികള്‍ ആളുകളുടെ ദേഹത്ത് തട്ടാത്തത് വന്‍ ദുരന്തം ഒഴിവാക്കി. 
 
മേളം കൊട്ടിക്കയറുന്നതിനിടെയായിരുന്നു മരത്തിന്റെ വലിയൊരു കൊമ്പ് പൊട്ടിവീണത്. മേളത്തിന്റെ ശബ്ദം കാരണം പലരും മരത്തിന്റെ കൊമ്പ് പൊട്ടിവീഴുന്നതിന്റെ ശബ്ദം ശ്രദ്ധിച്ചില്ല. എല്ലാവരും മേളത്തില്‍ ശ്രദ്ധിച്ചുനില്‍ക്കുകയായിരുന്നു. വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ പൂരം കമ്മിറ്റിക്കാരായ പലരും മേള സ്ഥലത്തുനിന്ന് പിന്‍വാങ്ങിയിരുന്നു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പൊട്ടിവീണ മരക്കൊമ്പ് താഴെ എത്തുന്നതിനു ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് താഴെ നില്‍ക്കുകയായിരുന്ന പലരും ഓടിരക്ഷപ്പെട്ടത്. 
 
അപകടത്തെ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തിവച്ചു. മുക്കാല്‍ മണിക്കൂറിനു ശേഷമാണ് എഴുന്നള്ളിപ്പ് പുനഃരാരംഭിച്ചത്. അഗ്നിസുരക്ഷാ സേന എത്തി കൊമ്പുകള്‍ മുറിച്ചുമാറ്റി. പിന്നീട് ഈ ആല്‍മരവും പൂര്‍ണമായി വെട്ടിനീക്കി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ ശ്രീധരൻ 2500 വോട്ടുകൾക്ക് വിജയിക്കും, ശോഭ സുരേന്ദ്രന് 1000 വോട്ടുകളുടെ ഭൂരിപക്ഷം; ആർ എസ് എസ് വിലയിരുത്തൽ ഇങ്ങനെ