'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു
സംഭവത്തിൽ തൊപ്പിക്കെതിരെ ആലുവ റൂറൽ സൈബർ പൊലീസ് ഐ.ടി നിയമപ്രകാരം കേസെടുത്തിരുന്നു
Publish Date: Mon, 13 Jul 2026 (10:25 IST)
Updated Date: Mon, 13 Jul 2026 (10:30 IST)
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യുട്യൂബർ തൊപ്പി എന്ന നിഹാലിന്റെ യുട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുട്യൂബ് ചാനലിലൂടെ തൊപ്പി നഗ്നദൃശ്യങ്ങൾ പങ്കുവെച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ തൊപ്പിക്കെതിരെ ആലുവ റൂറൽ സൈബർ പൊലീസ് ഐ.ടി നിയമപ്രകാരം കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തിരിക്കുനത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി തൊപ്പി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായ സമയത്ത് ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും കുറ്റപ്പെടുത്തിയും വീഡിയോ ചെയ്തു. ഇതിലാണ് സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ തൊപ്പി പങ്കുവെച്ചത്.