ശുഹൈബ് വധം: കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
ശുഹൈബ് വധം: കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
Publish Date: Mon, 19 Feb 2018 (07:43 IST)
Updated Date: Mon, 19 Feb 2018 (07:45 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ സിപിഐഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മട്ടന്നൂര്‍ സിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ ശനിയാഴ്‌ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയാണ് ആകാശും റിജിനും ഞായറാഴ്‌ച രാവിലെ പൊലീസില്‍ കീഴടങ്ങിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ശനിയാഴ്‌ച ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ കണ്ണൂർ ജില്ലാ പൊലീസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.