Publish Date: Fri, 13 Nov 2026 (15:51 IST)
Updated Date: Fri, 13 Nov 2026 (15:53 IST)
തന്നെ സാംസ്‌കാരിക നായിക എന്ന് വിളിക്കുന്നതിനോട് വിയോജിച്ച് വലത് എഴുത്തുകാരിയും സാംസ്‌കാരിക നായികയുമായ സാറാ ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത സാംസ്‌കാരിക നായകരെ മാധ്യമങ്ങളും ഇടതുപക്ഷവും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് രക്ഷ നേടാനാണ് നേരത്തെ എൽഡിഎഫിനെതിരെ യുഡിഎഫിന് വേണ്ടി പണിയെടുത്തിരുന്ന സാറ ജോസഫ് ശ്രമിക്കുന്നത്.
സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയരേ, പ്രിയ മാധ്യമസുഹൃത്തുക്കളേ, എന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ 'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.
ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്. ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. (ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)
മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ'സാംസ്‌കാരികനായിക' എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ) വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിന്റെയും നായികയല്ല.