Publish Date: Sun, 30 Sep 2018 (15:44 IST)
Updated Date: Sun, 30 Sep 2018 (15:58 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയിൽ റിവ്യു ഹർജി നൽകുന്നത് പരിഗണനയിൽ ഉണ്ടെന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു. പുനഃപരിശോധന ഹർജി നൽകുന്ന കാര്യത്തിൽ സർക്കാർ ദേവസ്വത്തെ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വിധിയിൽ പുനഃപരിശോധന ഹർജി നൽകണമോയെന്ന് ബോർഡിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് സ്വതന്ത്രസംവിധാനമാണ്. സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നൽകിയതായും പത്മകുമാർ പറഞ്ഞു.