Publish Date: Mon, 22 Oct 2018 (10:56 IST)
Updated Date: Mon, 22 Oct 2018 (10:57 IST)
ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. എന്നാൽ, മതിയായ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് യുവതി പമ്പയിലേക്ക് തിരിച്ചിരിക്കുകയാണ്.
പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണുകയാണ് ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ട്. തുലാമാസ പൂജകൾ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല നട ഇന്നടയ്ക്കും. വൈകിട്ട് ഏഴ് മണിക്ക് ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.
നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.