Publish Date: Wed, 11 Feb 2026 (18:17 IST)
Updated Date: Wed, 11 Feb 2026 (18:19 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യം അനുവദിച്ചത്. പ്രതികളില്‍ അഞ്ചാമത്തെ ആളാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം നേടി പുറത്തുവരുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് മൂലമാണ് വാസു പുറത്തിറങ്ങുന്നത്. അതേസമയം ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ ഉള്‍പ്പെട്ട ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ നാലാം പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 18 ന് കോടതി നീട്ടിയതായും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും കോടതി അറിയിച്ചു. ജസ്റ്റിസ് ദിപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.