Publish Date: Sat, 05 Sep 2026 (09:46 IST)
Updated Date: Sat, 05 Sep 2026 (10:05 IST)
കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ കയറി കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസിന്റെയും സംഘത്തിന്റെയും അതിക്രമം. എംഎൽഎയും കൂട്ടാളികളും ചേർന്ന് കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവം
ചിറയൻകീഴിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ കയറിയാണ് സ്ഥലം എംഎൽഎ കൂടിയായ രമ്യ ഹരിദാസിന്റെ അതിക്രമം. എംഎൽഎയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയൻകീഴ് മണ്ഡലത്തിൽ അനാവശ്യമായി ഇടപെടുന്നത് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കമാണ് പിന്നീട് കൈയാങ്കളിയിലേക്ക് എത്തിയത്.
'നീ ആരടാ'
കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്.സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്. പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചയുടനെ 'നീ ആരെടാ' എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ നെഞ്ചത്ത് പിടിച്ച് തള്ളുകയും മുഖത്തടിക്കുകയായിരുന്നു. എംഎൽഎയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.
എംഎൽഎയുടെ സന്തസഹചാരി
പാളയം പ്രദീപ് എംഎൽഎയ്‌ക്കൊപ്പം എപ്പോഴും ഉള്ള വ്യക്തിയാണ്. ഇയാൾ ചിറയൻകീഴ് മണ്ഡലത്തിൽ പ്രാദേശിക നേതാക്കളെ അടക്കം വെട്ടി വലിയ ഇടപെടൽ നടത്തുന്നതായി ആക്ഷേപമുണ്ട്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ ഇയാൾ ഇടപെടുന്നതായാണ് ആരോപണം. ഇതിനെ കോൺഗ്രസ് പ്രവർത്തകർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോദ്യം ചെയ്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇതു സംബന്ധിച്ച് പോസ്റ്റ് ചെയ്തത് എംഎൽഎയെയും സംഘത്തെയും പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി ഒൻപതിന് എംഎൽഎയും സംഘവും വീട്ടിലെത്തി അതിക്രമം നടത്തി.