Rahul Mamkootathil: 'കൂനിന്മേല്‍ കുരു'; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യും, ക്രൈം ബ്രാഞ്ച് നോട്ടീസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ്
Rahul Mamkootathil: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കിയെന്നതാണ് കേസ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരും ഉണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിച്ചത്. വ്യാജരേഖ ചമയ്ക്കലും വഞ്ചനാക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികള്‍ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ അഭിനന്ദ് വിക്രമന്‍, രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ, ജെയ്‌സണ്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഫെനി നൈനാനും, ബിനില്‍ ബിനുവും പിടിയിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നത് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. ഇതോടെയാണ് അന്വേഷണം രാഹുലിലേക്ക് എത്തിയത്. രാഹുലിന്റെ അറിവോടെയാണോ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സംഘം കാര്‍ഡുകള്‍ നിര്‍മിച്ചത്. തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.