സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍
ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍. രണ്ടാംഘട്ട നടപടിയായാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. കൂടുതല്‍ പരാതികള്‍ വരുന്ന അടിസ്ഥാനത്തില്‍ മൂന്നാംഘട്ട നടപടിയുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
' ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരെ എഴുതി ലഭിച്ച പരാതി ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും ആരോപണങ്ങളുടെ ഗൗരവം മനസിലാക്കി സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ എത്തി. ഇത് അവസാനമായി കാണേണ്ട. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതാണ് ഒന്നാംഘട്ട നടപടി. രണ്ടാംഘട്ട നടപടിയായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികരണങ്ങളും പരാതികളും വരുന്നതിനനുസരിച്ച് മൂന്നാംഘട്ട നടപടിയുണ്ടാകും,' മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ സസ്‌പെന്‍ഷന്‍ പോലും നല്‍കാറില്ല. രാഹുലിനെതിരെ പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത കൂടി അറിയണം. മാങ്കൂട്ടത്തിലിനു അദ്ദേഹത്തിന്റെ നിലപാട് വിശദീകരിക്കാനും സമയമുണ്ട് - മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.