സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം
വൈകിട്ട് ആറരയ്ക്കും രാത്രി 12 നും ഇടയിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
Publish Date: Sun, 28 Jun 2026 (07:54 IST)
Updated Date: Sun, 28 Jun 2026 (07:59 IST)
സംസ്ഥാനത്ത് രാത്രി കാലങ്ങളിൽ വ്യാപക വൈദ്യുതി നിയന്ത്രണം. പലയിടങ്ങളിലും ഒന്നിലേറെ തവണ അരമണിക്കൂർ വീതം പവർകട്ട് ഉണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം.
വൈകിട്ട് ആറരയ്ക്കും രാത്രി 12 നും ഇടയിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഒരുതവണ മാത്രമേ പവർകട്ട് ഉണ്ടാകൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വൈദ്യുതി പ്രതിസന്ധി കാരണം ഒന്നിലേറെ തവണ പവർകട്ട് ഏർപ്പെടുത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ.
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതിനാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. ജൂലൈ മാസവും സമാന നിലയിൽ വൈദ്യുതി നിയന്ത്രണം സംസ്ഥാനത്തുടനീളം ഉണ്ടാകും. ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു.