Publish Date: Fri, 07 Sep 2018 (07:50 IST)
Updated Date: Fri, 07 Sep 2018 (08:08 IST)
ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ യുവതിയുടെ ലൈംഗിക പരാതി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. പരാതിയിൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പരാതി അന്വേഷിക്കുന്നതിനായുള്ള പാർട്ടി അന്വേഷണ കമ്മീഷനെ ഇന്നു പ്രഖ്യാപിച്ചേക്കും.
പി കെ ശശിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. എം എൽ എക്കെതിരെ യുവതി നേരിട്ട് പൊലീസിൽ പരാതി നൽകാത്ത സാഹചര്യത്തിലാണ് ഡി ജി പി നിയമോപദേശം തേടിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ നേരത്തെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ഡി ജി പിക്ക് നിർദേശം നൽകിയിരുന്നു. കേസിൽ എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കാനും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ നിർദേശിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡി ജി പിയുടെ നടപടി.