എന്നും പത്രസമ്മേളനത്തില്‍ എല്ലാം വിശദീകരിക്കാറുള്ള മുഖ്യമന്ത്രി പ്രവാസികളെ കുറിച്ചുള്ള സുപ്രധാന തീരുമാനം മൂന്നാംതിയതി എടുത്തിട്ട് അക്കാര്യം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചത് ബോധപൂര്‍വമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇനി വീടുകളിലുള്ള ക്വാറന്റീന്‍ മാത്രം. 14 ദിവസത്തെ വീടുകളിലുള്ള ക്വാറന്റീനുശേഷം ഇവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലുമായിരിക്കും എന്നാണ് പുതിയ മാര്‍ഗരേഖ.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി ആളുകളെ വീട്ടിലേക്ക് മാറ്റാന്‍ ജില്ലാകളക്ടര്‍മാര്‍ ഉത്തരവ് നല്കിക്കൊണ്ടിരിക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് ആളുകളെ നേരേ വീട്ടിലേക്ക് അയയ്ക്കുകയാണിപ്പോള്‍. വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിലും കഴിയുന്നതായിരുന്നു നിലവിലെ രീതി.
പ്രവാസികള്‍ക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇതു 1.5 ലക്ഷമായി കുറച്ചിരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ അയച്ചുതരുന്ന പ്രവാസികളോട് നന്ദികേട് കാട്ടുകയാണോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.