Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നീലേശ്വരം അഞ്ഞൂറ്റമ്പലം കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്കു തീപിടിച്ചു; വെടിക്കെട്ടിനു അനുമതി ഇല്ലായിരുന്നെന്ന് കളക്ടര്‍, എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ (വീഡിയോ)

ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി വെടിപ്പുരയിലേക്ക് വീണതാണ് അപകടകാരണം

Fireworks accident

രേണുക വേണു

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (09:19 IST)
Fireworks accident

കാസര്‍ഗോഡ് നീലേശ്വരത്ത് വെടിപ്പുരയ്ക്കു തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടെയാണ് ക്ഷേത്രത്തോടു ചേര്‍ന്ന വെടിപ്പുരയ്ക്കു തീപിടിച്ചത്. സംഭവത്തില്‍ 154 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരം. തിങ്കള്‍ രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മാരകമായി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂര്‍, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ചിലര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 
 
ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി വെടിപ്പുരയിലേക്ക് വീണതാണ് അപകടകാരണം. പടക്കം സൂക്ഷിച്ച കെട്ടിടത്തില്‍ തീപ്പൊരി വീണതോടെ ഉഗ്രശബ്ദത്തില്‍ വെടിപ്പുരയാകെ പൊട്ടിത്തെറിച്ചു. ക്ഷേത്ര മതിലിനോടു ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. തെയ്യക്കാലത്തിനു തുടക്കം കുറിച്ച് നടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവ്വായിരത്തോളം പേര്‍ തെയ്യം കാണാന്‍ എത്തിയിരുന്നു. വെടിപ്പുരയ്ക്കു സമീപം നിന്നിരുന്ന ആളുകള്‍ക്കാണ് കൂടുതല്‍ പൊള്ളലേറ്റത്. തീ ആളിപ്പടരുമ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏതാനും ആളുകള്‍ക്ക് പരുക്കേറ്റിരിക്കുന്നത്. 


പടക്ക ശേഖരം പൊട്ടിത്തെറിച്ച് വലിയ തീ ഗോളമായി മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. അതേസമയം വെടിക്കെട്ടിനു അനുമതി ഇല്ലായിരുന്നുവെന്ന് കലക്ടര്‍ കെ.ഇമ്പശേഖര്‍ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലി: ശബ്ദമുട്ടാക്കുന്ന പടക്കങ്ങള്‍ ഈ ഭാഗങ്ങളില്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് ഉത്തരവ്