Publish Date: Sun, 29 May 2022 (10:12 IST)
Updated Date: Sun, 29 May 2022 (10:18 IST)
പൂയപ്പള്ളി: വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത എന്നാരോപിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കഴിഞ്ഞ പത്താം തീയതി വൈകിട്ട് ആറു മണിക്ക് പൂയപ്പള്ളി മേലോട്ടു വീട്ടിൽ ബിജുവിന്റെ ഭാര്യ അന്നമ്മ എന്ന 52 കാരി മരിച്ച സംഭവത്തിലാണ് പരാതി ഉണ്ടായത്.
അന്നമ്മയെ പൊള്ളലേറ്റ നിലയിലാണ് അയൽക്കാർ കണ്ടത്. പെട്രോൾ ദേഹത്ത് വീണു ശരീരത്തിന്റെ ഒരു ഭാഗം കത്തുകയും അവർ വീടിനു പുറത്തു കിടന്നു ഉരുളുകയുമായിരുന്നു. ഇത് കണ്ട അയൽക്കാർ അന്നമ്മയുടെ ദേഹത്ത് വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. അയൽക്കാർ ഉടൻ ഇവരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പതിനെട്ടിന് മരിച്ചു.
എന്നാൽ മരിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ വച്ച് മജിസ്‌ട്രേറ്റിനു അന്നമ്മ നൽകിയ മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റതാണ് എന്നാണു പറഞ്ഞത്. പക്ഷെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണു ആശുപത്രിയിൽ ഇവരെ പരിചരിക്കാൻ നിന്ന സഹോദരിമാരോട് അന്നമ്മ പറഞ്ഞത് എന്നാണു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ അന്നമ്മയുടെ ഭർത്താവ് പൂയപ്പള്ളിയിലെപമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.