കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി
സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി പദ്ധതി മൂലം സർക്കാരിനു വലിയ നഷ്ടമുണ്ട്
Publish Date: Fri, 10 Jul 2026 (15:21 IST)
Updated Date: Fri, 10 Jul 2026 (15:33 IST)
കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ശമ്പളം മുടങ്ങി. ജൂലൈ അഞ്ചിനുള്ളിൽ നൽകേണ്ട ശമ്പളം ജൂലൈ പത്തായിട്ടും നൽകിയിട്ടില്ല. ബോർഡ് സാമ്പത്തികമായി ഞെരുക്കത്തിലാണെന്നും അതിനാലാണ് ശമ്പളം മുടങ്ങുന്നതെന്നുമാണ് ന്യായീകരണം.
സർക്കാരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് അധിക ധനസഹായമായി 100 കോടി അനുവദിച്ചിട്ടും താൽക്കാലിക ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. 3200 താൽക്കാലിക ജീവനക്കാരാണ് കോർപറേഷനിലുള്ളത്.
കെഎസ്ആർടിസി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ല. മതിയായ ഫണ്ടില്ല എന്നതാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.
സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി പദ്ധതി മൂലം സർക്കാരിനു വലിയ നഷ്ടമുണ്ട്. ഇക്കാരണത്താലാണോ താൽക്കാലിക ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.