Publish Date: Thu, 10 Sep 2026 (15:10 IST)
Updated Date: Thu, 10 Sep 2026 (15:06 IST)
സംസ്ഥാനത്ത് പകലും രാത്രിയുമായി വൈദ്യുതി വകുപ്പ് നടത്തുന്ന വിസ്മയം തുടരുന്നു. പകല്‍ നേരങ്ങളില്‍ ഒന്നിടവിട്ട് പോകുന്ന വൈദ്യുതി അര്‍ധരാത്രിയിലും പോയികൊണ്ടാണ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. അര മണിക്കൂര്‍ വീതമെങ്കിലും ഓരോ തവണയും പോകുന്നുണ്ട് എന്നാകുമ്പോള്‍ ഏതാണ്ട് 3 മണിക്കൂര്‍ നേരമാണ് യുഡിഎഫ് സര്‍ക്കാര്‍ വിസ്മയം കാഴ്ചവെയ്ക്കുന്നത്.
കൊച്ചിയടക്കമുള്ള നഗരമേഖലകളിലും നാട്ടിന്‍പ്രദേശങ്ങളില്‍ പോലും പാര്‍ട്ടി, ജാതി,മത ഭേദമന്യെ വിസ്മയമുണ്ടെന്നത് സാഹോദര്യത്തിന് പേരുകേട്ട കേരളത്തിന് അഭിമാനമാകേണ്ടതാണ്. മുന്‍ വര്‍ഷങ്ങളിലൊന്നും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ലെന്നാണ് ജനങ്ങള്‍ ഒന്നാകെ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 80സ് ട്രെന്‍ഡ് അരങ്ങുവാഴുമ്പോള്‍ അത്തരത്തിലൊന്നാണ് കേരള സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് നെറ്റിസണ്‍സ് പറയുന്നു.
വൈദ്യുതി ഉപയോഗം പരമാവധി കുറച്ചുകൊണ്ട് കടുത്ത ചൂടിനെ നേരിടാന്‍ വേനല്‍ക്കാലത്തിന് മുന്‍പ് ജനത്തെ പ്രാപ്തമാക്കാനും നിലവിലെ രീതികൊണ്ട് സര്‍ക്കാരിന് സാധിക്കുന്നുണ്ട്. വേനല്‍ക്കാലത്തിനുള്ള മുന്നൊരുക്കമായി പല വീടുകളിലും ഇന്‍വര്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ നിലവിലെ വൈദ്യുതിനിയന്ത്രണം കൊണ്ട് സംസ്ഥാനത്തിനായിട്ടുണ്ട്. ചെറിയ ബുദ്ധിമുട്ടുകള്‍ അങ്ങിങ്ങായി അനുഭവപ്പെടുന്നുണ്ടെങ്കിലും വേനല്‍ക്കാലത്തിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ മെഴുകുതിരി അടക്കമുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് ജനം സഹകരിക്കുന്നുണ്ട്. നിലവിലെ ഈ സാഹചര്യം സെപ്റ്റംബര്‍ അവസാനം വരെയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക