കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾ മരിച്ചു
ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്കു വീണ് അപകടത്തിൽപ്പെട്ടവർ മണ്ണിനു അടിയിൽ കുടുങ്ങുകയായിരുന്നു
Publish Date: Tue, 23 Jun 2026 (09:01 IST)
Updated Date: Tue, 23 Jun 2026 (09:03 IST)
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്കു ദാരുണാന്ത്യം. മണ്ണ് കയറ്റിവന്ന ലോറിയാണ് ബസ് സ്റ്റോപ്പ് തകർത്ത് മറിഞ്ഞത്. ലോറി പൂർണമായി തകർന്ന നിലയിലാണ്.
ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്കു വീണ് അപകടത്തിൽപ്പെട്ടവർ മണ്ണിനു അടിയിൽ കുടുങ്ങുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ടിപ്പർ അമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മൂന്ന് വഴികൾ ചേരുന്ന ജങ്ഷനാണിത്. വളവ് തിരിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാകുമെന്നാണ് പ്രാഥമിക നിഗമനം. ടിപ്പറിന്റെ ടയറുകൾ ശോചനീയമായ അവസ്ഥയിലാണെന്നും ഗ്രിപ്പ് ഇല്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
ടിപ്പറിലെ മണ്ണിനു പുറമെ മതിലിന്റെ ഭാഗങ്ങളും ബസ് കാത്തുനിന്നവരുടെ മുകളിലേക്കു വീണിട്ടുണ്ട്. അതുകൊണ്ടുതന്നെ മതിലിന്റെ നിർമാണത്തിന് ഉപയോഗിച്ച പാറക്കഷണങ്ങളും ബസ് കാത്തുനിന്നവരുടെ മുകളിലേക്കു വീണിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളും വീണതായി റിപ്പോർട്ടുണ്ട്.