കെവിന്‍ വധം: പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത - എഎസ്ഐ ബിജുവിനെ പിരിച്ചുവിട്ടേക്കും
കെവിന്‍ വധം: പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത - എഎസ്ഐ ബിജുവിനെ പിരിച്ചുവിട്ടേക്കും
കെവിന്‍ വധക്കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കു സാധ്യത. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കേസില്‍ വീഴ്‌ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടിയുണ്ടാകുക. ഗാന്ധിനഗർ എസ്ഐ എംഎസ് ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെയാണ് നടപടി.
പിരിച്ചുവിടലും തരംതാഴ്ത്തലും അടക്കമുള്ള നടപടികളാകും മുന്ന് പൊലീസുകാര്‍ക്കുമെതിരെ പരിഗണിക്കുന്നത്. എഎസ്ഐ ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നാളെ തന്നെ പൊലീസുക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് ശക്തമായ തീരുമാനം കൈക്കൊള്ളുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ്ഐ ഷിബു 14 മണിക്കൂര്‍ മറച്ചുവെച്ചുവെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതരമായ പ്രശ്‌നം കുടുംബപ്രശ്‌നമായി കണ്ട് ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മെയ് 27 ഞായറാഴ്‌ച രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിർദ്ദേശം അവഗണിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നു.