Kerala Weather: തോരാതെ മഴ; കാലവർഷം ഇന്ന് എത്തിയേക്കും
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ - കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു
Publish Date: Thu, 04 Jun 2026 (10:14 IST)
Updated Date: Thu, 04 Jun 2026 (10:18 IST)
Kerala Weather: കാലവർഷം തൊട്ടരികെ എത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് പല ജില്ലകളിലും തോരാതെ മഴ. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. ഇന്ന് വൈകിട്ടോടെ കാലവർഷം എത്തിയതായി പ്രഖ്യാപനമുണ്ടായേക്കും.
കേരളത്തിൽ കാലവർഷം എത്തുന്നതിനൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യത.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ - കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് യെല്ലോ അലർട്ടിൽ ലഭിക്കുക. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.