രാജ്യത്തിന് മാതൃകയായി കേരളം, ഇന്ത്യയിലെ ആദ്യ എൽഡർ-ഫ്രണ്ട്ലി ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യാ വിഹിതം രാജ്യത്തെ ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വര്‍ധിക്കുമെന്ന സാഹചര്യത്തില്‍ പൊതുസേവന സംവിധാനങ്ങളെ വയോജന സൗഹൃദമാക്കേണ്ടത് സംസ്ഥാനത്തിന് നിര്‍ണായകമാണ്.
Publish Date: Sun, 13 Sep 2026 (10:39 IST)
Updated Date: Sun, 13 Sep 2026 (10:42 IST)
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും സുരക്ഷിതമായും മാന്യമായും ലഭ്യമാക്കാന്‍ ഇന്ത്യയിലെ ആദ്യ എല്‍ഡര്‍-ഫ്രണ്ട്ലി ഓഫീസ് സര്ട്ടിഫിക്കേഷന് (EFOC) പദ്ധതിക്ക് തുടക്കമിട്ട് കേരളം. പദ്ധതി പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വമേധയാ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍,ബ്രോണ്‍സ് സര്ട്ടിഫിക്കേഷനാകും നല്‍കുക. ഗ്രാമ, താലൂക്ക് ഓഫീസുകള്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത സേവന കൗണ്ടറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്വതന്ത്ര ഏജന്‍സികള്‍ പരിശോധിച്ച ശേഷമായിരിക്കും സര്ട്ടിഫിക്കേഷന്.
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യാ വിഹിതം രാജ്യത്തെ ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വര്‍ധിക്കുമെന്ന സാഹചര്യത്തില്‍ പൊതുസേവന സംവിധാനങ്ങളെ വയോജന സൗഹൃദമാക്കേണ്ടത് സംസ്ഥാനത്തിന് നിര്‍ണായകമാണ്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ദീര്‍ഘനേരത്തെ ക്യൂ, കൈവരികളില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള ഫോമുകള്‍, പടികള്‍ കയറി എത്തേണ്ട സേവന കൗണ്ടറുകള്‍, ആവശ്യമായ സഹായം ലഭിക്കാത്ത സാഹചര്യം എന്നിവ മുതിര്‍ന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെട്ടിട സൗകര്യങ്ങള്‍ക്കൊപ്പം സേവനരീതിയിലും ജീവനക്കാരുടെ പെരുമാറ്റത്തിലും മാറ്റം കൊണ്ടുവരികയാണ് EFOC ലക്ഷ്യമിടുന്നത്.
ഇത് പ്രകാരം ഓഫീസുകളില്‍ അഞ്ച് മേഖലകളില്‍ വിലയിരുത്തലുകള്‍ നടത്തും
കെട്ടിട സൗകര്യവും പ്രവേശനക്ഷമതയും - 30%
സേവന വിതരണം - 25%
ജീവനക്കാരുടെ പരിശീലനവും പെരുമാറ്റവും - 20%
ആശയവിനിമയം - 15%
പങ്കാളിത്തം - 10%
പടികളില്ലാത്ത പ്രവേശനം, ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറി, മുതിര്‍ന്ന പൗരന്മാര്ക്കുള്ള മുന്‍ഗണനാ ക്യൂ, അവരുടെ ആവശ്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് എന്നിവ നിര്‍ബന്ധിത മാനദണ്ഡങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ഇല്ലെങ്കില്‍ മൊത്തം സ്കോര്‍ പരിഗണിക്കാതെ സര്ട്ടിഫിക്കേഷന് ലഭിക്കില്ല.
85 ശതമാനമോ അതിലധികമോ സ്കോര്‍ ലഭിച്ചാല്‍ 5 വര്‍ഷത്തേക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനും 70-84 ശതമാനം സ്കോറിന് സില്‍വര്‍ സര്‍ട്ടിഫിക്കേഷനും60-69 ശതമാനം സ്കോറിന് 2 വര്‍ഷത്തേക്ക് പ്രൊവിഷണല്‍ ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. സര്ട്ടിഫിക്കേഷന് ലഭിച്ച ഓഫീസുകളില്‍ 10 ശതമാനത്തെ ഓരോ വര്‍ഷവും മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനയ്ക്ക് വിധേയമാക്കും. നിശ്ചിത കാലയളവിന് ശേഷം സര്ട്ടിഫിക്കേഷന് പുതുക്കുകയും വേണം.
സ്വതന്ത്ര ഏജന്‍സികള്‍ പരിശോധന നടത്തും
ഓഫീസുകളിലെ പരിശോധനയും സ്കോറിങ്ങും ബന്ധപ്പെട്ട സ്ഥാപനവുമായി ബന്ധമില്ലാത്ത സ്വതന്ത്രമായി എംപാനല്‍ ചെയ്യുന്ന മൂന്നാംകക്ഷി ഏജന്‍സികള്‍ നടത്തും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ വകുപ്പിന് കീഴിലുള്ള നോഡല്‍ സെല്‍ രജിസ്ട്രി നിയന്ത്രിക്കും. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റി മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും.
ഷാര്‍ജയിലെ വയോജന സൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ Age-Friendly Cities ശൃംഖല, അമേരിക്കയിലെ Certified Age-Friendly Employer പദ്ധതി എന്നിവയില്‍ നിന്നുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാമ്പുകള്‍, സൈന്‍ബോര്‍ഡുകള്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ 2021-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരമുള്ള ദേശീയ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആദ്യം 14 ഓഫീസുകളില്‍ പൈലറ്റ് പദ്ധതി
ആദ്യഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ അന്തിമമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും പരിശോധനാ ഏജന്‍സികളെ എംപാനല്‍ ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ 14 ജില്ലകളിലായി ഓരോ ഓഫീസ് വീതം തിരഞ്ഞെടുത്ത് പൈലറ്റ് പദ്ധതി നടപ്പാക്കും. രണ്ടാം വര്‍ഷം ഗ്രാമ, താലൂക്ക്, കലക്ടറേറ്റ് ഓഫീസുകള്‍, ട്രഷറികള്‍, ആര്‍ടിഒ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്കും ഫീസ് അടിസ്ഥാനത്തില്‍ സ്വമേധയാ പദ്ധതിയില്‍ ചേരാം.
സര്‍ട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് QR കോഡുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന രജിസ്ട്രിയില്‍ പ്രസിദ്ധീകരിക്കും. ഗോള്‍ഡ് റേറ്റിങ് നേടുന്ന സ്ഥാപനങ്ങള്‍ക്ക് സില്‍വര്‍ ഇക്കോണമി പദ്ധതിക്ക് കീഴിലുള്ള ചില ആനുകൂല്യങ്ങളില്‍ മുന്‍ഗണനയും ലഭിക്കും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക