കേരളത്തെ മുക്കിയ മഹാപ്രളയത്തിന് ശേഷം നദികള്‍ ഉള്‍വലിഞ്ഞപ്പോള്‍ ജനങ്ങളില്‍ ആശങ്കയും ഭീതിയും വർധിക്കുന്നു. കാലവര്‍ഷം കനത്തപ്പോള്‍ താണ്ഡവമാടിയ പുഴകൾ ദിവസങ്ങൾക്കുള്ളിൽ വറ്റാറായിരിക്കുകയാണ്.
കേരളത്തിലെ ഒട്ടുമിക്ക നദികളിലേയും ജലനിരപ്പ് ശോഷിച്ച് ആറ്റിലെ മണല്‍ പരപ്പുകള്‍ തെളിയുന്ന സ്ഥിതിയിലേക്ക് എത്തി. പ്രളയം സൃഷ്ടിച്ച പെരിയാര്‍, ഭാരതപ്പുഴ, പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നി നദികളുടെ എല്ലാം അടിത്തട്ട് തെളിഞ്ഞിട്ടുണ്ട്. കരകവിഞ്ഞൊഴുകിയ പ്രളയത്തിന് ശേഷം ഇനി വരാനുള്ളത് കടുത്ത വറുതിയാണെന്ന സൂചനയാണിത്.
അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ ഭവാനിപ്പുഴ വെള്ളം കുറഞ്ഞ് അരപ്പുഴയായി.
പത്തനംതിട്ടയില്‍ പമ്പാനദിയില്‍ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഏകദേശം 30 അടിയോളം വെള്ളം താണു. പുഴയിൽ കെട്ടിക്കിടക്കാൻ പാടശേഖരങ്ങളോ ചതുപ്പുനിലങ്ങളോ ഇല്ലാത്തതിനാൽ വെള്ളം അതിവേഗം ഒലിച്ച് പോവുകയാണ്.
ജൈവാംശമോ മണലോ കലരാതെ അതിവേഗം ഒഴുകുന്ന ഈ വെള്ളത്തെ വിശന്നുപായുന്ന ജലം (ഹംഗ്രി വാട്ടര്‍) എന്നാണു ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. കോട്ടയത്തു മീനച്ചിലാര്‍ ഒരാഴ്ച കൊണ്ടു വറ്റാറായി. പ്രളയം കാര്‍ഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്.