മാണിയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ടും കൽപ്പിച്ച് യൂത്തൻമാർ, ആറ് യുവ എംഎല്‍എമാര്‍ രാഹുലിന് കത്തെഴുതി
യൂത്തന്‍മാര്‍ നേതൃത്വത്തെ വെല്ലുവിളിച്ചു
പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയ തീരുമാനത്തിൽ കോൺഗ്രസിൽ കലാപം. സംഭവത്തിൽ യുവ എം എൽ എമാർ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആറ് യുവ എം എൽ എമാരാണ് കോൺഗ്രസിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാഹുലിന് കത്തയച്ചത്.
ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരാണ് പരാതി അയച്ചത്. കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസില്‍ തുടരുമെന്ന് ജയന്ത് വിശദീകരിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവര്‍ രാഹുലുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.
കേരളാ നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.
കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യേക കേസായാണു കേരളാ കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്‍കുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു.