Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബജറ്റ് 2018: പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ക്ഷേമത്തിനായി 3113 കോടി

കേരള ബജറ്റ് 2018: പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ക്ഷേമത്തിനായി 3113 കോടി
തിരുവനന്തപുരം , വെള്ളി, 2 ഫെബ്രുവരി 2018 (10:24 IST)
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. 
 
പട്ടിക വിഭാഗത്തില്‍പ്പെട്ട എൻജീയറിങ് കോഴ്സുകളില്‍ തോറ്റ 20,000 വിദ്യാർത്ഥികൾക്ക് റെമഡിയൽ കോഴ്സ് നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മാത്രമല്ല, പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായി 2289 കോടിയും പട്ടിക വർഗ്ഗങ്ങള്‍ക്ക് 824 കോടിയും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
സ്‌ത്രീസുരക്ഷയ്‌ക്ക് 50കോടി രൂപയും വനിതാക്ഷേമത്തിനായി 1267കോടി രൂപയും വകയിരുത്തി. കുടുംബശ്രീക്ക് 20 ഇന പരിപാടി നടപ്പിലാക്കും അതിനായി 200 കോടി രൂപ വകയിരുത്തി. അതോടൊപ്പം തന്നെ 2018-19 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആഘോഷിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
 
വനിതാ സൗഹൃദ പദ്ധതികൾക്ക് 267 കോടി അനുവദിക്കുമെന്ന് ധനമന്ത്രി. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അംഗപരിമിതരുടെ മക്കല്‍ക്കുള്ള വിവാഹ ധനസഹായം  10,000 രൂപയില്‍ നിന്ന്  30,000 രൂപയാക്കി ഉയര്‍ത്തിയതായും ധനമന്ത്രി പറഞ്ഞു. 290 സ്പഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 40 കോടിയായി ഉയർത്തിയിട്ടുണ്ട്. 
 
അതുപോലെ പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി രൂപയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി രൂപയും വകയിരുത്തി. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു‍. അതോടൊപ്പം ക്ലാസ് മുറികള്‍ ഡിജിറ്റലാക്കുന്നതിന് 33 കോടി രൂപയും വകയിരുത്തി.
 
 ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്ക്. അതോടൊപ്പം 
4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിര്‍ധന കുടുംബങ്ങളെക്കൂടി അതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 
 
ആലപ്പുഴയിലെ വിശപ്പുരഹിതനഗരം എന്ന പദ്ധതി കേരളത്തിൽ മുഴുമനായി വ്യാപിപ്പിക്കുന്നതിനു വേണ്ടി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ന്യായവിലയ്ക്ക് നല്ലയിനം കോഴിയിറച്ചി ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീ വഴിയുള്ള ജനകീയ ഇടപെടൽ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളർത്തൽ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ആറ് ലക്ഷത്തോളം അര്‍ഹരായവരാണ് മുന്‍ഗണനാ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പട്ടികയില്‍ നിന്ന് പുറത്തുപോയത്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഭക്ഷ്യ സബ്സിഡിക്കായി 950 കോടി വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാനത്തെ നികുതിവരുമാനം കുറഞ്ഞുവെന്ന് ധനമന്ത്രി. 20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ വർധിച്ചത് 14% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത ശേഷം മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കൂവെന്നും അതുകൊണ്ടുതന്നെ കിഫ്ബിയുടെ ബാധ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
തീരദേശമേഖലയില്‍ സൗജന്യ വൈഫൈ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികള്‍ മാര്‍ച്ച് -ഏപ്രില്‍ മാസത്തോടെ ആരംഭിക്കും. അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറായി. ഇതില്‍ നിന്ന് കിഫ്ബിയ്ക്ക് വിഭവ ശേഖരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. പോക്കുവരവും കരംവാങ്ങലും മാർച്ചിനകം ഓൺലൈനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2018: വനിതാ സൗഹൃദ പദ്ധതികൾക്ക് 267 കോടി, പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി