Publish Date: Sun, 10 Apr 2022 (17:09 IST)
Updated Date: Sun, 10 Apr 2022 (17:16 IST)
നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ അസൗകര്യമറിയിച്ച് കാവ്യാ മാധവൻ. നാളെ ഹാജരാകാനായിരുന്നു ക്രൈം ബ്രാഞ്ച് നോട്ടീസ്. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്ന് കാവ്യ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ബുധനാഴ്‌ച 2 മണിക്ക് നടിയെ ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ഗൂഡാലോചനയിൽ കാവ്യാ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ അറിയിച്ചത്. ദിലീപിന്റെ ബന്ധു സുരാജും സുഹൃത്ത് ശരതും തമ്മിലുള്ള ശബ്‌ദരേഖയിൽ കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തതാണെന്നാണ് സുരാജ് വ്യക്തമാക്കുന്നത്.
അതേസമയം കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് അന്വേഷണസംഘത്തിന് സംശയമുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.