Rahul Mamkootathil: വെറുതെ രാജിവെച്ചാല്‍ പോരാ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; രാഹുലിനെതിരായ വികാരം ശക്തം
കോണ്‍ഗ്രസിലെ വലിയൊരു ശതമാനം നേതാക്കളും രാഹുലിനെ തള്ളുന്ന നിലപാടിലാണ്
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി കൈവിട്ട് കോണ്‍ഗ്രസ്. രാഹുല്‍ ഉടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് എഐസിസി നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ വലിയൊരു ശതമാനം നേതാക്കളും രാഹുലിനെ തള്ളുന്ന നിലപാടിലാണ്. രാഹുല്‍ ചെയ്ത വഷളത്തരങ്ങള്‍ക്കു പാര്‍ട്ടി പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്. വീട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കേണ്ട വിഷയമാണ്. വൈകും തോറും പാര്‍ട്ടിക്കാണ് നാണക്കേടെന്നും മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഈ വിഴുപ്പ് അലക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് കെപിസിസി അധ്യക്ഷനെ അറിയിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടക്കത്തില്‍ രാഹുലിനെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെ നിലപാട് മാറ്റി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാഹുലിന്റെ രാജി എഴുതിവാങ്ങിയത് സതീശനാണ്. എംഎല്‍എ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയില്‍.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി ദീപാ ദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ച നടത്തും. ഈ ചര്‍ച്ചയ്ക്കു ശേഷം കെപിസിസി അധ്യക്ഷന്‍ രാഹുലിനോടു രാജി ആവശ്യപ്പെടാനാണ് സാധ്യത. ഷാഫി പറമ്പില്‍ മാത്രമാണ് നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി രംഗത്തുള്ളത്.