Publish Date: Sun, 29 Jul 2018 (10:20 IST)
Updated Date: Sun, 29 Jul 2018 (10:20 IST)
ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന ഹനാൻ എന്ന വിദ്യാർത്ഥിനിയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ ക്സ്റ്റഡിയിലെടുത്തിരിക്കുന്നത്.
വിശ്വന്‍ ചെറായി എന്ന പേരിലാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടായേക്കുമെന്നാണ് സൂചനകള്‍.
സംഭവത്തിൽ, അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരിലേക്ക് അന്വേഷണം തിരിച്ചിരിക്കുകയാണ്. ഹനാനെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴിയായിരുന്നു നൂറുദ്ദീന്‍ അധിക്ഷേപിച്ചത്. ഇയാളുടെ വാക്കുകൾ വിശ്വസിച്ച് മറ്റുള്ളവരും ഹനാനെതിരെ രംഗത്തെത്തുകയായിരുന്നു.
ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.