കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ യുഎഇയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിയ്ക്കാൻ എൻഐഎ, ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കേസിലെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പടെ കണ്ടെത്തുന്നതിനാണ് അന്വേഷണം യുഎഇയിലേയ്ക്കും വ്യാപിപ്പിയ്ക്കുന്നത്.
യുഎഇ അറ്റാഷ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിയ്ക്കുന്നതിനും. ഹവാല പണമിടപാട് ശൃംഖലകളെ കുറിച്ച് അന്വേഷണം നടത്തിന്നതിനുമാണ് പ്രധാനമായും എൻഐഎ ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിയ്ക്കുന്നതിനും നടപടികൾ ശക്തമാക്കിയേക്കും.
എന്നാൽ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ അനുമതി കൂടാതെ ചോദ്യം ചെയ്യാൻ എൻഐഎ സംഘത്തിനാകില്ല, അതിനാൽ ആരോപണവിധേയരായ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കഴ്ച നടത്താൻ അനുമതി നൽകണം എന്ന് എൻഐഎ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ യുഎഇ സർക്കാരിന്റെ അനുമതി തേടും.