മുംബൈ നഗരത്തിൽ കനത്ത മഴ തുടരുന്നു.കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്.മുംബൈക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്നഗിരി ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.കഴിഞ്ഞ 10 മണിക്കൂറിനിടെ 230 മില്ലി മീറ്റർ മഴ പെയ്തതായി ബൃഹത് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ പറയുന്നു.
മുംബയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൊതുഗതാഗത സംവിധാനം തടസ്സപ്പെട്ടിരിക്കുകയാണ്.അവശ്യ സർവീസുകളൊഴികെ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈ നഗരത്തിലെ സബർബൻ സർവീസുകളും കനത്ത മഴയെ തുടർന്ന് താറുമാറായി.ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.വിദ്യാലയങ്ങൾ ക്യാമ്പുകൾക്കായി തയാറാക്കി നിർത്താനും നിർദേശമുണ്ട്.