Publish Date: Fri, 18 Nov 2022 (17:39 IST)
Updated Date: Fri, 18 Nov 2022 (17:41 IST)
ആലപ്പുഴ: യുവതിയുടെ ചൊവ്വാ ദോഷം മാറാനായി പൂജ ചെയ്യാനെത്തിയ യുവാവ് യുവതിയുടെ സ്വർണ്ണ പാദസരം തട്ടിയെടുത്ത് പോലീസ് വലയിലായി. ഇടുക്കിയിലെ വണ്ടന്മേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്റെ മകൻ ശ്യാമകുമാർ എന്ന 35 കാരനാണ് അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരം തട്ടിയെടുത്ത് പോലീസ് പിടിയിലായത്.
യുവതിയുമായി ഇയാൾ അഞ്ചു മാസം മുമ്പ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു. വീട്ടിലെ വിവരങ്ങൾ അന്വേഷിക്കാനും പെൺകുട്ടിക്ക് ചൊവ്വാ ദോഷമുണ്ടെന്നും ഉള്ള കാര്യങ്ങൾ ഇയാൾ നയത്തിൽ മനസിലാക്കി. തുടർന്ന് പെൺകുട്ടിയുടെ കുടുംബവുമായി കൂടുതൽ അടുക്കുകയും കുട്ടിയുടെ വീട്ടിലെത്തി വിവാഹ സംബന്ധമായ കാര്യങ്ങൾ പറഞ്ഞതും തുടർന്ന് കുട്ടിയുടെ പാദസരം പൂജിക്കണമെന്നും പറഞ്ഞു പാദസരം ഊരിവാങ്ങി ബൈക്കിൽ കടന്നുകളഞ്ഞു.
പിന്നീടാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. അമ്പലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തിൽ ഇയാളെ കട്ടപ്പനയിൽ നിന്ന് പിടികൂടി. നിലവിൽ തിരുവനന്തപുരത്തും ഇയാൾക്കെതിരെ സമാനമായ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.