Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺസുഹൃത്തിനെ കൊല്ലാൻ പെൺവേഷം ധരിച്ചെത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം

Arrest, Thrissur, Five Man Arrested in Thrissur, Crime News, Thrissur Local News
പെൺ സുഹൃത്തിനെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവിനെയും ഇയാളുടെ നാല് സുഹൃത്തുക്കളെയും പൊലീസ് പിടികൂടി. ഇടുക്കി തൊടുപുഴ സ്വദേശികളായ ബിനീഷ്, സ്റ്റീഫൻ, ഷാഹിദ്, പ്രസാദ്, ആദർശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഗുരുവായൂർ മഞ്ജുളാൽ പാർക്കിങ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടക്ക് മുന്നിൽ സ്ത്രീ വേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 
 
ഇയാൾ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന തൊടുപുഴ രജിസ്‌ട്രേഷനുള്ള കാറിൽ നിന്ന് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കാറിൽ നിന്നും 16 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇവർ സംഭവത്തിൽ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
 
സ്പായിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയുമായി പ്രസാദിന് മുൻപ് അടുത്ത ബന്ധമുണ്ടായിരുന്നു. മാസങ്ങൾക്കു മുമ്പ് ഇരുവരും വേർപിരിയുകയും യുവതി പിന്നീട് തൃശൂരിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. തന്നെ ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലം യുവതി താമസിക്കുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രസാദ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. 
 
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ bns 112 1 (സംഘടിത കുറ്റകൃത്യം), ജൂവനൈൽ ജസ്റ്റിസ്, ലഹരിമരുന്ന് കൈവശം വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

E20 പെട്രോള്‍ മൂലം ഉപഭോക്താക്കള്‍ക്ക് ഇന്ധനച്ചെലവ് വര്‍ധിച്ചു, ഗുണം ചെയ്തത് എത്തനോള്‍ ഉല്‍പാദകര്‍ക്ക്: കോണ്‍ഗ്രസ്