എടപ്പാൾ പീഡനം; സംഭവം നടന്നത് പെൺകുട്ടിയുടെ അമ്മയുടെ അറിവോടെ, അമ്മയ്ക്കെതിരേയും കേസ്
പെൺകുട്ടിയെ മുൻപും ഇയാൾ പീഡിപ്പിച്ചിരുന്നു
Publish Date: Sun, 13 May 2018 (12:08 IST)
Updated Date: Sun, 13 May 2018 (12:09 IST)
മലപ്പുറത്തെ എടപ്പാളിലെ സിനിമാ തിയറ്ററിൽ വെച്ച് പത്തുവയസ്സുകാരി പീഡനത്തിനരായ സംഭവത്തിൽ അമ്മയ്ക്കെതിരേയും കേസ്. മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തതിനാണ് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെ പീഡനം തടയുന്ന പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ പ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി നേരത്തേയും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് മാതാവ് മൊഴി നൽകി.
പെൺകുട്ടിയുടെ ഭാവിയെ കരുതിയാണ് വിവരം പുറത്തറിയിക്കാതെ ഇരുന്നതെന്ന ന്യായമാണ് ഇവർ പറയുന്നത്.
അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടിയെ മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി.
അതിനിടെ പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമർശനമാണുയരുന്നത്. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.