സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‍ടറേറ്റ് (ഇഡി) സമ്മര്‍ദ്ദം ചെലുത്തി മൊഴി നല്‍കിക്കാന്‍ ശ്രമിച്ചതായി പൊലീസുകാരിയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരുപറയാനാണ് ഇഡി സ്വപ്‌നയെ നിര്‍ബന്ധിച്ചതെന്നാണ് സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി സിജി വിജയന്‍ മൊഴി നല്‍കിയത്.
ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്‌നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് സിജി വിജയന്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്‌ക്കിടെ ഫോണ്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്വപ്‌നയെ 14/08/2020 തീയതി കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കസ്റ്റഡിയില്‍ ടോര്‍ച്ചര്‍ ചെയ്യുന്നെന്നും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ മുഖാന്തിരം പരാതിപ്പെട്ടിരുന്നു - പൊലീസുകാരിയുടെ മൊഴിയില്‍ പറയുന്നു.
രാധാകൃഷ്‌ണന്‍ എന്ന ഉദ്യോഗസ്ഥനാണ് ഏറ്റവും സമ്മര്‍ദ്ദം ചെലുത്തി സ്വപ്‌നയെക്കൊണ്ട് മൊഴി പറയിക്കാന്‍ ശ്രമിച്ചതെന്നും സിജി വിജയന്‍റെ മൊഴിയില്‍ പറയുന്നു.